എണ്ണപ്പാടങ്ങളിലിരുന്ന്
സമത്വമെന്നൊരാശയംകൊണ്ട്
മാനവരാശിക്ക് പുതിയ
സ്വപ്നങ്ങള്‍ നെയ്തുതന്ന
പ്രിയ ചാവേസ്,
നീ സ്നേഹമായിരുന്നു.
ഞങ്ങള്‍ സ്വാകാര്യദുഃഖങ്ങള്‍ മറക്കുന്ന
പോരാട്ടഭൂമികളില്‍ നീ വഴികാട്ടി
നക്ഷത്രമായ് ജ്വലിച്ചുനിന്നു.
സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച
ഞങ്ങള്‍ മറക്കാന്‍ പഠിച്ചത്,
നീ നട്ടുനനച്ച ലാറ്റിനമേരിക്ക
തളിരിട്ട് പൂവിട്ട് ; വിപ്ളവത്തിന്‍റെ
സുഗന്ധം പൊഴിക്കുന്നതു കണ്ടാണ്.
പ്രണയംപോലും കച്ചവട-
വസ്തുവാക്കിയ,
മുതലാളിത്തത്തിന്
നീ സോഷ്യലിസം കൊണ്ട്
ബദലു തീര്‍ത്തു.
എന്നിട്ടുറക്കെ വിളിച്ചുപറഞ്ഞു;
" സോഷ്യലിസം സ്നേഹമാണ് ''.
ചെകുത്താനെ ചെകുത്താനായും
വെള്ളരിപ്രാവിനെ വെള്ളരിപ്രാവായും
വേര്‍തിരിച്ചുനിര്‍ത്തിയപ്പോള്‍
അറബ് നാടുകളിലും നിനക്കും
സൌഹൃദങ്ങളുണ്ടായി.
പാവപ്പെട്ടവന്‍റെ വിശപ്പുകണ്ടപ്പോള്‍
കണ്ണുനിറഞ്ഞ്;
ഒരപ്പം കൊണ്ട് ആയിരം പേര്‍ക്കു
വീതിച്ചുനല്‍കിയ നീ അനശ്വരനാണ്.
നീ നന്മയുടെ
അസ്തമിക്കാത്ത സൂര്യനായിരുന്നു.
നേരിനോടുള്ള പ്രണയമായിരുന്നു;
ചാവേസ് നീ വിശുദ്ധ സ്നേഹമായിരുന്നു.
