കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Saturday, June 8, 2013

മഴക്കവിതകള്‍



1. മഴ 


 
ചിലപ്പോള്‍ ആര്‍ദ്രമായ്,
മറ്റുചിലപ്പോള്‍
ഉരുകിയ ലോഹത്തുള്ളികളെപ്പോലെ
തീര്‍ത്തും കഠിനമായി;
ഉതിര്‍ന്നുവീഴുന്നത്
ഒറ്റപ്പെടുന്നവന്റെ ഭൂപടത്തിലേക്ക്...
നിസ്സഹായതയുടെ
കവിള്‍ത്തടത്തിലേക്ക്‌ !!!.

2. പുഴക്കാലം



മേഘമായിരുന്നു ഞാന്‍;
ഇന്നലെ പെയ്യാതിരുന്നത്,

വെറുമൊരു മഴമാത്രമായ്
ഇന്നാണ് പെയ്തതും തോര്‍ന്നതും.

മഴയായിരുന്നു ഞാന്‍;
ഇന്നാണ്
പെയ്തുണര്‍ന്നത്,
വെറുമൊരു പുഴ മാത്രമായ്...

പുഴയായിരുന്നു ഞാന്‍; പണ്ട്,
ഇന്നലെ ഒഴുകാതിരുന്നതും,
ഇന്ന് ഒഴുകിയതും .

3 . ശാപവാക്ക്



പെയ്തുതോരാത്ത
നിന്‍പേരാണ് മഴയെന്ന്
കുളിരായ് കൂട്ടായ്
കവിതകളില്‍ ഞാന്‍ കുറിച്ചിട്ടു.

വേനലിലാദ്യമൊരു
സാന്ത്വന സ്പര്‍ശം.

പിന്നീടെപ്പോഴോ,
എന്നില്‍, നിന്നില്‍, നമ്മളില്‍
ഒരോര്‍മച്ചാര്‍ത്തുപോലെ,
കനത്ത്, തിമിര്‍ത്ത്, കവിഞ്ഞ്
വേനലിനേക്കാളുമൊരു ശാപവാക്ക്;

ഭൂമിക്ക് പനിക്കുമ്പോള്‍,
ഭീകരരൂപിണിയായ്
മണ്ണില്‍ പെയ്തിറങ്ങും,
നിന്‍ പേരാണ് മഴയെന്ന്
കവിതകളില്‍ ഞാന്‍
വീണ്ടും കുറിച്ചിട്ടു.!

4. ഡല്‍ഹിയില്‍ പെയ്ത മഴക്ക്


കനല്‍ കത്തിയുരുകിയ
മാനം കറുത്തു;
ഇടിവെട്ടി,
കരള്‍ ചിന്തി,
ഓര്‍മകളില്‍
രക്തം പൊടിഞ്ഞു.

മണ്ണില്‍ ഉപ്പുവീണ്
വേദന വേരുകളിലേക്കിറങ്ങി;
വരും 'വര്‍ഷ'ത്തിലേക്കത്
കാത്തുവച്ചു.

5. മോഹം


പുതപ്പിനുള്ളില്‍
കാലുംചുരുട്ടി
അട്ടപോലെ കിടന്നുറങ്ങാന്‍
മഴേ
നിനക്കുമുണ്ടോ മോഹം ?


6. പനി രഹിതം


കാണാത്ത മഴയാണ്
കണ്ടമഴയേക്കാളും
അതിമനോഹരം,
കാവ്യാത്മകം !.

കൊള്ളാത്ത മഴയാണ്
കൊണ്ട മഴയേക്കാളും
അനിര്‍വചനീയം;
'പനി' രഹിതം !!.


No comments: