കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Wednesday, June 19, 2013

സ്‌നേഹത്തിന്റെ രുചി














തോടും പാടവും ഒന്നായാല്‍
രാത്രിയില്‍ ടോര്‍ച്ചടിച്ച്
കത്തികൊണ്ട് വെട്ടിപ്പിടിച്ചും,

പകലില്‍ വെള്ളമിറങ്ങിയാല്‍
മണ്ണിരകോര്‍ത്ത് ചൂണ്ടലിട്ടും,

വെള്ളംവറ്റണ കാലത്ത്
നഞ്ചുകലക്കിയും
കൂട്ടുകാരൊത്ത്
നീറീന്‍* പിടിച്ച് കൊണ്ടുവരും.

വെണ്ണീറുവാരിക്കുഴച്ച്
കിഴക്കേതൊടിയിലെ
തിരുമ്പുന്ന കല്ലിലുരച്ച്
കുഴല്‍കിണര്‍വെള്ളത്തില്‍
കഴുകി വൃത്തിയാക്കി
ഉപ്പും മുളകും കൊത്തമല്ലിയും
മഞ്ഞളും കൂട്ടി, പച്ചമാങ്ങയിട്ട്
നന്നായി കുഴച്ച്
വെള്ളവും ചേര്‍ത്ത്
മണ്‍ചട്ടിയിലാക്കി
അടുപ്പത്ത് വെച്ച്
നന്നായി വറ്റിച്ചെടുത്തതാണ്
ബാല്യവും.

പരലും കൊയ്ത്തിയും,
കോട്ടിയും കടുവും കരുതല
യും,
ഒരുമിച്ചുവെന്താല്‍
മണ്‍ചട്ടിയില്‍
ഓര്‍മകളുടെ ഗന്ധമാണ്.

എന്നിട്ട്...
താഴെത്തൊടിയിലെ
മുരിങ്ങാമരത്തില്‍
വല്യച്ഛന്‍ നട്ടുവളര്‍ത്തിയ
കറുത്തപൊന്നിന്‍ വള്ളിയില്‍-
നിന്നിറുത്തെടുക്കുമിലകളില്
കരിപിടിച്ച ചിരട്ടക്കയിലാല്‍
എല്ലാവര്‍ക്കും നീറിന്‍*വിളമ്പി
എനിക്കുള്ള പങ്ക് മാറ്റിവച്ചാലും
പറ്റിപ്പിടിച്ചിരിക്കും ചട്ടിയിലൊരിത്തിരി.

പിന്നെയാരും കാണാതെ
ചട്ടിവടിച്ചതിനാലാകാം
സ്മരണകള്‍ക്ക്
സ്‌നേഹത്തിന്റെ രുചിയുണ്ടെന്ന്
ഇന്നു ഞാനറിയുന്നത്.
------------------------------------------------------------------------------------------------------- 
* തോട്ടിലെ മീനിന് പറയുന്ന പേര്, പച്ചനീറീനിന്റെ ഗന്ധം മാത്രംമതി പാടത്ത് നെല്ലുകൊയ്യുമ്പോള്‍ ചോറുണ്ണാന്‍ എന്ന് ബാബുവേട്ടന്റെ (റാവു) അമ്മ പറഞ്ഞത് ഓര്‍ക്കുന്നു.
-------------------------------------------------------------------------------------------------------(ചെറുപ്പകാലത്ത് അമ്മയുടെ വീടിനടുത്തുള്ള തോട്ടില്‍ മീന്‍പിടിക്കാന്‍ കൂടെയുണ്ടാവാറുള്ള വല്യച്ഛന്‍- കീരന്‍കുട്ടി, അമ്മമ്മ-ചക്കിക്കുട്ടി, അമ്മയുടെ ജേഷ്ടത്തി- മുണ്ടിക്കുട്ടി, നിഷാദ്, പ്രദീപ്, ചെര്‍മാന്‍ എന്ന ബാബു, വാവ എന്ന രതീഷ്, മനോജ്, സജീവ്, സിന്ധു (ചേലേമ്പ്ര) എന്നിവര്‍ക്കും മറ്റുകൂട്ടുകാര്‍ക്കും നീറീന്‍ കഴിക്കാന്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന എന്റെ അച്ഛമ്മ-ചക്കിക്കുട്ടിക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു.)

No comments: