അവിടെ, ആ മേലേമുറിയില്‍
പലതും ഒറ്റക്കാണ്.
വീട് പുതുക്കിപ്പണിതനേരത്ത്
അച്ഛമ്മയുപേക്ഷിച്ച്
ഞാന്‍ സ്വന്തമാക്കിയ
മാവിന്‍ പലകകൊണ്ടുള്ള
ദ്രവിച്ച പടി.
വിരിച്ചുകടക്കാന്‍
അമ്മമ്മ നെയ്തുതന്ന
കൈതോലപ്പായ.
ഒമ്പതുവര്‍ഷം
എന്നോടൊത്ത് ശയിച്ച്
നെഞ്ചിടിപ്പേറ്റുവാങ്ങിയ
റേഡിയോ.
കണ്ണുനീരുറവകള്‍ക്കും
കരിമേഘമുരുക്കിയ
തുള്ളികള്‍ക്കും മധ്യേ
വീര്‍പ്പുമുട്ടാറുള്ള
ഇരുവാതിലുള്ള ജനാല.
പിന്നെ മുറ്റത്തൊരുകോണില്‍,
വര്‍ഷങ്ങള്‍ക്കുമുന്‍പ്
'വാഴയൂരി'ല്‍ നിന്നും പറിച്ചുനട്ടിട്ടും
ഒരു വട്ടംപൂവിട്ട കാട്ടുതെച്ചി.
ഇഷ്ടികച്ചുമരില്‍
കൊളുത്തിവച്ച
'ചെ'യുടെ ചിത്രത്തിലെ
മനുഷ്യസ്‌നേഹത്തിന്റ
അനശ്വരതയിലേക്ക്
ചൂഴുന്ന കണ്ണുകള്‍.
ഇവിടെയുള്ള ശരീരത്തപ്പോലെ
കൂടാതെ, അവിടെ
ഒറ്റപ്പെട്ടലയുന്നത്
എന്റെയീ മനസ്സാണ്.

No comments:
Post a Comment