കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Monday, June 17, 2013

സ്‌നേഹത്തിന്റെ സുഗന്ധം



















വേനലവധിക്ക്
അമ്മയുടെ വീട്ടില്‍,
കുട്ടിപ്പീടികയുണ്ടാക്കി,
കളിക്കാറുള്ള
മേലേതൊടിയിലെ
ഇരട്ടപ്ലാവിന്റെ ചുവട്ടില്‍,
ചക്കമൂത്ത് ചാഞ്ഞിരിക്കും.

അമ്മമ്മയുടെ
മേല്‍നോട്ടത്തില്‍,
മുതിര്‍ന്നവരെല്ലാം
ചക്കയെരിഞ്ഞ്
കൂട്ടാന്‍വെച്ച് കഞ്ഞികുടിച്ച്
വയറുനിറച്ചാല്‍,
ശേഷിക്കുക;
ഓര്‍മകളുടെ മൂന്ന്‌വിത്തുകളാണ്

ഒന്ന് :-

ചക്കക്കുരുവില്‍
തളമീന്‍തെല* യിട്ടുവെച്ച
കറികൂട്ടി വരിവരിയായ്
പെലകുട്ടി** മേലിരുന്ന് തിന്ന
ചോറിന്റെ സ്വാദ്...
എന്നിട്ടും ബാക്കിയായ
ചക്കക്കുരു,
കൂട്ടുകാരൊത്ത്
വീടിനുപിറകിലെ
താഴേതൊടിയില്‍
തീയിട്ട് ചുട്ടും
തകരപ്പാത്രത്തിലിട്ട് വറുത്തും
തിന്ന നാളുകള്‍.

രണ്ട് :-

ചക്കമടല്‍കൊണ്ട് ചക്രംചെത്തി
കറുമൂസത്തണ്ട് മുറിച്ച്
ഈര്‍ക്കിളിട്ടുകുരുക്കി
വണ്ടിയുരുട്ടി നടന്നത്...
ശേഷിച്ച മടല്‍, വല്യച്ഛന്‍
പടിഞ്ഞാറുഭാഗത്തെ
കാലിത്തൊഴുത്തില്‍
തള്ളിയതും.

മൂന്ന് :-

ചക്കയുടെ ഹൃദയം
രണ്ടായ് പിളര്‍ത്തി,
കട്ടപിടിച്ച വെളുത്തരക്തം
കോലില്‍ ചുറ്റിയെടുത്ത്,
കരിപിടിച്ച് കറുത്ത്
തൂളവീണ ബക്കറ്റിന്
ഓട്ടയടക്കാന്‍
അടുക്കള ചായ്പില്‍
തിരുകിവക്കും മുന്‍പേ;
'ഉഷചെറിയമ്മ' ഒരിത്തിരി
മാറ്റിവെച്ചിട്ടുണ്ടാകും.

ആ വിളഞ്ഞി,
പൊട്ടിയ ചട്ടിയില്‍
അടുപ്പത്ത് വെച്ചു
ചൂടാക്കിയുരുക്കി
ഈര്‍ക്കിളില്‍ മുക്കി
ഇടതിളം കയ്യില്‍
പുള്ളികുത്തിത്തരും
ചെറിയമ്മ!.

എന്നിട്ട്,
തൊട്ടടുത്ത കമ്മുക്കുട്ടിയുടെ
വീട്ടിലെ കിണറിനരികെ
തഴച്ചുവളരുന്ന
മൈലാഞ്ചിച്ചെടിയുടെ
ഇലകളൂരി, അരച്ചുകുഴച്ച്
കൈവെള്ളയില്‍ തേച്ചിടും.

മണിക്കൂറുകള്‍ കഴിഞ്ഞ്,
കൈയ്യിലെ വിളഞ്ഞി പോകാന്‍
കുണ്ടംമുറിയില്‍*** സൂക്ഷിച്ച
നീലനിറമുള്ള
കാസറ്റുംപാത്രത്തിലെ
മണ്ണെണ്ണയെടുത്ത് പുരട്ടി
സാബൂനിട്ട്**** കഴുകി
വൃത്തിയാക്കും.

അന്നിളം കയ്യില്‍
ഉഷചെറിയമ്മയിട്ടുതന്ന
വെള്ളപ്പുള്ളിയുള്ള,
മൈലാഞ്ചിയുടെ അത്തറാണ് *****
'സ്‌നേഹത്തിന് ഓര്‍മകളുടെ സുഗന്ധമുണ്ടെന്ന്'
എന്നെ ആദ്യമായ് പഠിപ്പിച്ചത്.
----------------------------------------------------------------------------

* അമ്മമ്മയുടെ പ്രയോഗം, ഉണക്കത്തളമീനിന്റെ തല എന്നര്‍ഥം.
** അമ്മമ്മയുടെ പ്രയോഗം. ഇരിക്കുന്ന പലക എന്നര്‍ഥം.
*** അമ്മയുടെ വീട്ടിലുണ്ടായിരുന്ന ഇരുട്ടുമുറിക്ക് പറഞ്ഞിരുന്ന പേര്.
**** അലക്കുസോപ്പ്
***** സുഗന്ധ ദ്രവ്യം, അറബിവാക്ക്.

(ഉഷചെറിയമ്മ-അമ്മയുടെ അനിയത്തി. ഭര്‍ത്താവായ ഇ രാജന് വൃക്ക ദാനം ചെയ്തിട്ട് മൂന്ന് വര്‍ഷം. ആ ദമ്പതികള്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു.)

No comments: