കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Saturday, February 8, 2014

സെയിം ടു യു














കറുപ്പും ചുകപ്പും അക്കങ്ങള്‍
ഇണചേര്‍ന്ന കലണ്ടറും,
ഓര്‍മകള്‍ ചോരത്തുപ്പിച്ചുകപ്പിച്ച
താളുകളേച്ചുകെട്ടിയ ഡയറിയുമല്ലാതെ
മറ്റൊന്നുംമാറിമറിയുന്നില്ലല്ലോ
സഹോദരാ...!.

ഇവിടെയീ നഗരത്തിലെ
ഗതാഗതകുരുക്കുകളില്‍
ഇപ്പോഴും കുട്ടികള്‍
ഭിക്ഷതേടിയലയുന്നുണ്ട്,

അങ്ങകലെയെന്റെ ഗ്രാമത്തില്‍
പാടവരമ്പത്തെ വരണ്ടപൊത്തില്‍
ഞണ്ടുകള്‍ ആത്മഹത്യക്കയര്‍
തിരയുന്നതും,
തോടുകളില്‍ നിന്നും
കുടിയിറങ്ങിപ്പോയ
കൊയ്ത്തിമീനുകള്‍
കൊള്ളിമീനുകളായ്
ആകാശത്തൊരാതിര
തിരയുന്നതും കാണാം...

എന്നോ പണയത്തിലായ
നമ്മുടെ...;
ഭൂമിയുടെ തന്നെയും,
'ഭാവി' ഉരച്ചുനോക്കി
ഓഹരികമ്പോളത്തില്‍
കാളക്കൂറ്റന്‍മാര്‍
ചൂതാടുമ്പോള്‍,
എനിക്കാവതില്ല, സഹോദരാ
''ഇന്നത്തെ നിന്റെ മൊബൈല്‍
സന്ദേശത്തിന് 'സെയിം ടു യു'
പറയാനും
ഫേസ്ബുക്കിലെ പോസ്റ്റിന്
ലൈക്കടിക്കാനും.''

ഇന്ന് മാത്രം...
ഇന്ന് മാത്രം,
എന്നോട് ക്ഷമിക്കുക.

നമുക്കുണ്ടാകും
നല്ലൊരു നാളെ,
നല്ലൊരു പുതുവര്‍ഷമല്ല;
''നല്ലൊരുനാളെ...''

No comments: