കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Saturday, February 8, 2014

ഒരേ നിറം


 

















അനീതി തളംകെട്ടിയ
കോട്ടകൊത്തളങ്ങളില്‍
കാമില വലേജോ...
നീയൊരു താരോദയം.

നെരൂദ, കവിതകൊണ്ട്
അടയാളപ്പെടുത്തിയ
ചിലിയുടെ മണ്ണില്‍
നീയൊരു നവവസന്തം.

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍
ജനിച്ചുവളര്‍ന്ന നീ,
രാഷ്ട്രം കീഴടക്കാനുപയോഗിച്ച
മാറ്റത്തിന്റെ കൊടിക്കൂറ
ലാറ്റിനമേരിക്കയിലലയടിച്ച്
ലോകത്തെത്തന്നെയും,
പിടിച്ചുലക്കുന്ന നല്ലൊരു
നാളെയുണ്ടാകുമീ ഭൂമിയില്‍.

ഓ... പ്രിയ വലേജോ
ഒരുപക്ഷേ
നീയാകും ഇനി നാളത്തെ
ചിലിയുടെ ചെ,
ചിലിയുടെ കാസ്‌ട്രോ,
ചിലിയുടെ ചാവേസ്...

'മാച്ചുപിച്ചു'വിന്റെ ഉയരങ്ങളില്‍നിന്ന്
നെരൂദയിറുത്ത് നല്‍കിയ
പ്രണയത്തിന്റെ പൂക്കള്‍ക്കും,
മാര്‍ക്‌സിസത്തിന്റെ താഴ്‌വരയില്‍ നിന്നും
നീയിറുത്ത് തന്ന
വിപ്ലവത്തിന്റെ പൂക്കള്‍ക്കും
ഒരേ നിറമായിരുന്നു, കാമില വലേജോ..
................................................................................................
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
[കാമില വലേജോ - ചിലിയില്‍ വിദ്യാഭ്യാസകച്ചവടവല്‍ക്കരണത്തിനെതിരായ പ്രക്ഷോഭത്തില്‍, തെരുവുകളെ ഇളക്കിമറിച്ച യുവനേതാവ്. ഈയിടെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
മാച്ചുപിച്ചു - ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ അതിര്‍ത്തിപങ്കിടുന്നതും, പുരാതന ഇന്‍കാ സ്ംസ്‌കാരം നിലനിന്നിരുന്നതുമായ പര്‍വതനിര. പാബ്ലോ നെരൂദയുടെ കവിതകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് മാച്ചുപിച്ചു.]

No comments: