കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Saturday, June 29, 2013

കവണക്കല്ല്

















എല്ലാ മലമുകളില്‍നിന്നും
ഓരോ പുഴകള്‍ ജനിക്കുന്നു.

സ്മൃതികളില്‍ പിറന്ന 
നദീതട സംസ്‌കാരങ്ങള്‍
വര്‍ത്തമാനത്തില്‍ മരിച്ച്, 
ഭാവിയില്‍ ചരിത്രമാകുമ്പോള്‍
കാലത്തെ അടയാളപ്പെടുത്തുന്ന പുഴകള്‍.

വര്‍ഷമേഘമേ...
വറ്റുന്ന പുഴകള്‍ പ്രളയമൊളിപ്പിക്കട്ടെ
വേനല്‍ കൊടുംവെയിലേ..
വറ്റാത്ത പുഴകള്‍ പ്രണയമൊളിപ്പിക്കട്ടെ.

ഋതുഭേദങ്ങളറിയാതൊരുപോലൊഴുകുംപുഴക്ക്
ഞാനെന്റെ ഹൃദയം പകുത്തുകൊടുക്കുന്നു;
ആ പുഴതന്നാത്മാവിലൊരഭയം തേടുന്നു.

ആകാശത്തെ പുണരും പശ്ചിമഘട്ടത്തില്‍
നീലഗിരിയുടെ ഇളമ്പാരി മലനിരകളില്‍
എവിടെയോ പെയ്ത പേമാരിക്ക്
ഉറവയുറഞ്ഞുരുള്‍പൊട്ടി
ചിന്നിച്ചിതറി, കുതിച്ചുപാഞ്ഞ്
ചെറുകല്ലിളകി, മറുകല്ലിളക്കി
പതഞ്ഞുപൊന്തിപ്പാല്‍നുരചിന്തി,
പലതായ് പിരിഞ്ഞും, തായ്‌വഴി ചേര്‍ന്നും
ഈ പുഴ ജനിക്കുന്നു.

ഉത്ഭവത്തില്‍ ഇളനീരിന്‍ മധുരമാണ്,
ഒഴുകുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്പാണ്,
പതനത്തില്‍ കണ്ണുനീരിനുപ്പാണ്.

നശ്വരജീവിതത്തിനര്‍ത്ഥമറിയാന്‍
അനശ്വരചോദ്യങ്ങള്‍ ഉത്തരംതേടും
മനസ്സിന്റെ ശൂന്യതയില്‍
നിന്നോടുള്ള പ്രണയം
കവണക്കല്ലില്‍ അണപൊട്ടിയൊഴുകട്ടെ,
നിന്നിലലിഞ്ഞുഞാനില്ലാതാകും നാള്‍വരെ.

No comments: