കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Saturday, June 22, 2013

ഓ പ്രിയപ്പെട്ട ബ്രസീല്‍....















ഓ പ്രിയപ്പെട്ട ബ്രസീല്‍
വെറുമൊരു കാല്‍പ്പന്തുകൊണ്ട്
നീയിപ്പോഴും മാന്ത്രികത തീര്‍ക്കുന്നു.
ഗോള്‍വലകളെ ചലിപ്പിച്ച്
ലോകം കീഴടക്കുന്നു. 
കറുത്ത മുത്താം പെലെ മുതല്‍
വെളുത്ത മുത്താം നെയ്മര്‍വരെ നീളും 
പതിറ്റാണ്ടുകളുടെ താരനിരകള്‍...

കളിക്കളത്തില്‍ ചിറകറ്റുവീണാലും
ഫീനിക്‌സ് പക്ഷിയായ്
പറന്നുയരുവാനുള്ള കഴിവ്,
കളിയുടെ അവസാനനിമിഷത്തിലും
ചരിത്രഗതിയെത്തന്നെ മാറ്റിമറിക്കുന്ന
അപ്രതീക്ഷിതമായ നിന്‍
തന്ത്രപരമാം ചുവടുകള്‍.
ഒമ്പതും പത്തും നമ്പര്‍
ജേഴ്‌സിതന്‍ മാന്ത്രികതയാല്‍
നീ സമ്മാനിച്ച പ്രതിഭകളുടെ പന്തടക്കം,
ചടുലത, വശ്യത, പ്രതിരോധം, മുന്നേറ്റം.

ഓ എന്റെ പ്രിയപ്പെട്ട ബ്രസീല്‍...
ഫുട്‌ബോളിന്റെ നൃത്തമേ,
സാംബായുടെ താളമേ,
മഞ്ഞകാനറികളുടെ നിത്യവസന്തമേ,
ഓര്‍ക്കുന്നു ഞാന്‍ ഈ മണ്‍സൂണ്‍ കാഴ്ചയില്‍
വിദൂരതയില്‍ നീ ഗോള്‍മഴ പെയ്യിക്കുമ്പോള്‍
ഇന്നെനിക്കന്യമായ ആരാധനകൂട്ടായ്മകളുടെ
ആവേശാരവങ്ങള്‍, ഹര്‍ഷബാഷ്പങ്ങള്‍.

കഫു മുതല്‍ കക്കാ വരെ,
ദുംഗെ മുതല്‍ കാര്‍ലോസ് വരെ,
റൊമാരിയോ മുതല്‍ റൊണാള്‍ഡീന്യോ വരെ,
പച്ചയാം വിരിപ്പിട്ട മൈതാനത്ത്
പീതപുഷ്പങ്ങള്‍ വാണ നാളുകള്‍............
----------------------------------------------------------------------------------
(കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ ബ്രസീലിനും, നാട്ടിലെ ആരാധകര്‍ക്കും വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു)