കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Friday, October 25, 2013

രണ്ടുപക്ഷം










കുടിവെള്ളത്തിനുപോലും
കൈനീട്ടി യാചിക്കാനുള്ള
അവകാശത്തിനും മുന്‍പേ,

ഉള്ളവനും ഇല്ലാത്തവനും
ഒരുപോലെ ആസ്വദിക്കുന്ന
പ്രണയസ്വാതന്ത്ര്യം മാത്രമാകാം
നാല്‍പ്പത്തിയേഴില്‍
രാജ്യം വെട്ടിമുറിച്ചപ്പോള്‍
ഡല്‍ഹി നേടിയത്.

മുക്കിനും മൂലയിലും
നോക്കാല്‍, വാക്കാല്‍, മെയ്യാല്‍
പ്രണയിക്കുന്ന കാഴ്ചകള്‍പോലെ
വര്‍ണശബളമാകില്ല;
തെരുവില്‍ കൈനീട്ടുന്നവന്റെ
മനസ്സും, ശരീരവും, സ്വപ്‌നങ്ങളും.

പാര്‍പ്പിടത്തിനും നല്ലയാഹാരത്തിനും
നല്ലയുടുപ്പിനും വിദ്യാഭ്യാസത്തിനും
എന്തിന്...
വൃത്തിയോടെ പ്രാഥമികാവശ്യം
നിറവേറ്റാന്‍വരെയുള്ള സ്വാതന്ത്ര്യം,
കുറുക്കന്‍ കൊക്കിന്
പണ്ട് വിരുന്നൂട്ടിയ
പരന്ന പാത്രംപോലെ,
'ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള
അന്തര'ത്ത ആശ്രയിച്ചിരിക്കും.

കാഴ്ചക്കുമാത്രമല്ല;
ചിന്തക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമുണ്ടാകും
രണ്ടുപക്ഷം.

മരവിപ്പ്‌













അങ്ങ്...
കനല്‍ കത്തിയുരുകിയ
മാനം കറുത്തു.

ഇടിവെട്ടി, കരള്‍ ചീന്തി
ഓര്‍മകളില്‍ രക്തം പൊടിഞ്ഞു.

കണ്ണുനീരിനുപ്പ് വീണ്
മണ്ണിന്റെ വേദന
വേരുകളിലേക്കിറങ്ങി;

കിഴക്കുമാനം
മഴവില്ല് കുലച്ച്,
വര്‍ഷം പെയ്ത് തുലാം
വരുംവര്‍ഷത്തിലേക്ക്‌
കാത്തുവച്ചു.

ഇങ്ങ്...
കാഴ്ചകള്‍
മഞ്ഞിലുറഞ്ഞ്
മരവിച്ചു;
മനസ്സുപോലെ...

ഗവേഷണം




















തീസീസ് :-

ഉരുളക്കിഴങ്ങില്ലായിരുന്നു
വെങ്കില്‍,
ഡല്‍ഹി ഉണ്ടാകുമായിരുന്നില്ല !.

ആന്റി തീസീസ് :-

ഡെല്‍ഹി ഇല്ലായിരുന്നുവെങ്കില്‍
ഉരുളക്കിഴങ്ങും ഉണ്ടാകുമായിരുന്നില്ല..

തുലാംമഴ


 













ജനലിനപ്പുറത്ത്
ശക്തികൂടിയിട്ടുണ്ടാകും.

ചേമ്പിലയില്‍,
തെങ്ങോലയില്‍,
പ്ലാവിലയില്‍,
കറുവപ്പട്ടതന്‍ ചെറുതളിരിലകളില്‍,
എന്റെയീ ഓര്‍മകള്‍കണക്കെ....
ഊര്‍ന്നുവീഴുന്നുണ്ടാകും !.

അങ്ങനെ.
മുറിഞ്ഞ മഴക്കാലത്തിന്‍
ദാര്‍ശനിക ഭാവങ്ങള്‍
പ്രകൃതി വീണ്ടും കൂട്ടിച്ചേര്‍ക്കയാണ് ;
ഞാനറിയാതെ...
ഞാനൊന്നും കാണാതെ.......

നിന്റെ കണ്ണുകളോട് ഞങ്ങള്‍ക്ക്‌ പ്രണയമായിരുന്നു
















സമാനതകളില്ലാത്ത
പോരാട്ടത്തിന്റെ
അനശ്വരതയിലേക്ക്
ചൂഴ്ന്നു നില്ക്കണ
നിന്റെ കണ്ണുകളോട്
ഞങ്ങള്‍ക്ക്‌ പ്രണയമായിരുന്നു.

വിഗ്രഹാരാധനയെന്നു
വിളിച്ചു പരിഹസിച്ചവർ
കണ്‍‌തുറന്നു കാണട്ടെ,
നീ വിതച്ച പ്രതീക്ഷയുടെ വിത്തുകൾ
ലാറ്റിനമേരിക്കയിൽ
മാറ്റങ്ങൾ കൊയ്തത്.
മുല്ലപ്പൂ വിപ്ലവ വഴികളിൽ
അറബുനാടുകൾ നിന്‍ ചിത്രം
നെഞ്ചോടു ചേര്‍ത്തത്‌.

വിശ്വ പോരാളിയുടെ
ചുണ്ടിനും വിരലിനുമിടയിലെ
ചുരുട്ടുമാത്രം കണ്ടു
കഞ്ചാവെന്നു
പരിഹസിച്ച സുഹൃത്തേ,
നിനക്കറിയില്ല,

ബൊളീവിയൻ കാടുകളിൽ
കടുത്ത ആസ്തമയെ
പച്ചിലമരുന്നുള്ള ചുരുട്ടുകൊണ്ടതിജീവിച്ചും,
സാമ്രാജ്യത്വ തോക്കിനുമുന്നിൽ
നെഞ്ചു കാട്ടിപോരുതിയും,
ഒരു സഖാവിനു
മാനവരാശിയുടെ വിമോചനം
സ്വപ്നം കാണാൻ കഴിയുമെന്ന്...