കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Tuesday, November 8, 2016

ചിലര്‍...


















പോഷകാംശമുള്ള
ഭക്ഷ്യവസ്തുക്കളിലെ
ലാഭാംശമുള്ള
കീടനാശിനികളാല്‍
'ചിലര്‍'...
പോഷകാംശം പോയീട്ട്
ഭക്ഷ്യവസ്തുക്കള്‍പോലും നല്‍കാതെ
ലാഭാംശംനോക്കി 'ചിലര്‍'
പാര്‍ശ്വവല്‍ക്കരിച്ചവര്‍...
എല്ലാവരെയും
മരണം മാടിവന്നു
വിളിച്ചെന്നുകരുതി
ഉള്ളവനും ഇല്ലാത്തവനും
തമ്മിലുള്ളന്തരം
പഴങ്കഥയായെന്ന്
നിങ്ങളോടാരാണ്
വിളിച്ചുകൂവിയത്.


ആദ്യത്തെ മരണവും അവസാനത്തെ കവിതയും


















കവിത ഭൂമിയിലെ ആദ്യത്തെ മരണമാണ്;
മരണം ഭൂമിയിലെ അവസാനത്തെ കവിതയും...

ഭൂമി മറയുന്നു



















നൂലിൽ ബന്ധിച്ച ഒരു പട്ടം.
മുകളിൽ നക്ഷത്രങ്ങളും,
താഴെ പറവകളും.
ആകാശം വിളിക്കുന്നു;
ഭൂമി മറയുന്നു.

തുടരുമീക്കഥ












വേരുകളിൽ ആരും കാണാത്തൊരു കടലുണ്ട്.
ശിഖരങ്ങളിൽ ഒരിക്കലും വരാത്ത വസന്തമുണ്ട്.
എങ്കിലുമെന്താ...
പൂക്കൾക്കൊക്കെ പോരാട്ടത്തിൻ്റെ നിറമല്ലേ ,
ഇലകൾ പടപ്പാട്ടു മൂളും
കായകളിനിയും വിത്തെറിയും.
തുടരുമീക്കഥ...
ഭൂമി രണ്ടായ് പിളരും വരെ;
ആകാശം കത്തിത്തീരും വരെ...

ജാതി ചോദിക്കുന്നില്ല ഞാൻ .......


















മഞ്ജു വാര്യര്‍,
നവ്യാ നായര്‍,
ബിന്ദു പണിക്കര്‍,
രമ്യാ നമ്പീശന്‍,
ശ്വേതാ മേനോന്‍,
.........................,
.........................,
....................
“ജാതി ചോദിക്കുന്നില്ല ഞാൻ 'പാര്‍വ്വതി' ,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”

സ്‌കൂളില്‍ ഉച്ചഭക്ഷണമുണ്ട്



















പച്ചയും ചുവന്നതുമായി
പ്ലേറ്റുകള്‍ പ്രത്യേകം
സംവരണം ചെയ്തുവച്ചിട്ടുണ്ട്.

'' പ്ലേറ്റുകള്‍ മാറി
എടുക്കരുത് കഴിക്കരുത്'' - മനുമൊഴിയാണ്.

ഉയര്‍ന്നതും താഴ്ന്നതുമായി
ആരോ ജാതികളെ തരംതിരിച്ചുവച്ചിട്ടുണ്ട്- ചാതുര്‍ വര്‍ണ്യമാണ്.

മനുഷ്യര്‍ക്ക് മാത്രമല്ല;
ഭക്ഷണത്തിനും പ്ലേറ്റിനും ജാതിയുള്ള
ഒര്ജ്ജാതി കാലമാണ്.

വിഭവമല്ല;
പ്ലേറ്റിന്റെ നിറം മാറിയെടുത്തതാണ്.
ശിക്ഷയുണ്ട്;
ഒരിക്കലും അതൊരു കുറ്റമല്ലേലും.

കാട്ടുദൈവങ്ങളാണ് ചുറ്റും
കാട്ടുനീതിയേ കാണൂ.

ഛര്‍ദ്ദിച്ച് തീരുവോളം മര്‍ദ്ദിച്ച മാഷേ,
ചോരയൊന്നെടുത്ത് ടെസ്റ്റുചെയ്യണം.
നിറമൊന്നേ കാണൂ...
കുലമൊന്നേയുള്ളൂ...

കവിതയിലൂടെ നോക്കിക്കാണുന്ന പ്രിസം

 

















ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്ന,
സൗഹൃദ ഗതികള്‍ക്ക് മാറ്റം വരുത്തുന്ന
ത്രികോണ പ്രിസം.

പ്രിസത്തിലൂടെ നോക്കുന്പോൾ
ആരെയും വിസ്മയിപ്പിക്കുന്ന
ഒരു ത്രികോണ സൗഹൃദം.

കടന്നുപോകുന്ന സൗഹൃദത്തിന്
വര്‍ണ്ണരാജി നല്‍കും വിധം
തരംഗദൈര്‍ഘ്യം അനുസരിച്ച്
പ്രകീണ്ണനം സംഭവിക്കാനിടയുള്ള
ഒരു പട്ടാമ്പി പ്രിസം.

സൗഹൃദം ഭൂതകാലത്തില്‍ നിന്ന്
അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍
വര്‍ത്തമാനത്തിന്റ ആദ്യാരികുചേര്‍ന്ന്
ആന്തരിക പ്രതിഫലനത്തിനും,
വര്‍ത്തമാനത്തിന്റ അന്ത്യാരികുചേര്‍ന്ന്
ബാഹ്യാ പ്രതിഫലനത്തിനും
വിധേയമായി അപവര്‍ത്തനം സംഭവിച്ച്
ഭാവിയില്‍ ഏഴ് ഘടകവര്‍ണ്ണങ്ങളായി
പിരിഞ്ഞുപോകുമത്രേ.

7 വര്‍ഷം/ വര്‍ണ്ണം + 5 പാര്‍ശ്വ വശം = 12 വര്‍ഷം
(സമവാക്യങ്ങള്‍ എഴുതപ്പെട്ടത് ഈ പ്രിസത്തിനും കവിതക്കുംവേണ്ടി മാത്രം)

ഈ കവിത ഒരു സൂചകമാണ്.

കാത്തിരി(ക്കു)ന്നവര്‍



















കാത്തിരുന്നവര്‍, 
പാതിവഴിയില്‍
സ്മൃതിയായി വിട്ടുപോകുന്നവര്‍,

കാത്തിരിക്കുന്നവര്‍,
അന്ത്യവഴിയില്‍
മൃതിയായി കണ്ടുമുട്ടേണ്ടവര്‍...

നോട്ടം






















 മുറ്റത്തെ നാട്ടുമാവെ
ഇത്തവണ
വീട്ടിൽ പോയി 
ജാലകം തുറന്ന്
ആദ്യം നോക്കുന്നത്
നിൻ്റെ നെറ്റിയിലേക്കായിരിക്കും.

പൂക്കളെ കരിയിച്ച്
താഴെ ചേന്പിലയിൽ വീഴ്ത്താതെ
തൊട്ടപ്പുറത്തുള്ള
കണിക്കൊന്നമരത്തെക്കണ്ട്
ഇനിയെങ്കിലും
നീയൊന്നതിജീവിക്കാൻ പഠിക്ക്.


ദാഹജലം
















ഭൂമി ഒരു മൺകുടത്തോളം ചുരുങ്ങി
നിങ്ങളിൽ പാപം ചെയ്യാത്തവർ
മൺകുടം കല്ലുകൾകൊണ്ട് നിറക്കുക
മീനച്ചൂടിൽ വെന്തുരുകുന്ന കവിതയ്ക്ക്
ഒരിറ്റ് ദാഹജലം വേണം...
കവിയ്ക്ക് കറുത്തമഷിയെന്നപോലെ...

ചോദ്യങ്ങള്‍
















എന്നാണ് 
നിന്നോളം ആഴത്തില്‍ മുങ്ങി 
നിന്നോളം വേഗത്തില്‍ ഒഴുകി 
നിന്റെ ഉത്ഭവത്തിലേക്കു തിരിച്ചുപോകാനാവുക.?

ഇനി ഏതു വേനലിലാകും
നിന്നിലെ വഴുവഴുക്കന്‍ പാറക്കല്ലുകള്‍ക്ക്
മരണത്തിന്റെ ഗന്ധം നഷ്ടമാകുക?

കുടിയിറങ്ങിപ്പോയ പരല്‍മീനുകള്‍
ഏതു മഴയിലാണ് തിരിച്ചെത്തുക?

നിന്നിലെ കാണാക്കയങ്ങളിലേക്ക്
ചൂണ്ടയില്‍ കൊരുത്തിടുന്ന ചിന്തകള്‍
ഏതു വഴുവഴുപ്പന്‍ വരാലിനെയാണ്
ഇനി കാത്തിരിക്കുക.?

നീലഗിരിക്കും അറബിക്കടലിനുമിടയില്‍
നീ കരുതിവെച്ച ഒരു പ്രളയത്തില്‍
എന്നാണ്
നിന്നെ ഞാന്‍ കണ്ടെത്തിയ
കുന്നുകള്‍,
ഞാറല്‍പ്പഴങ്ങളോട്
പ്രണയം പകുത്തെടുക്കുക...?

വിരിഞ്ഞുനില്‍ക്കണം



ആരൊക്കെയെത്രകാലം
വെയിലത്തുവാട്ടിയാലും
തീയില്‍കുരുത്തപോലെ-
യീഭൂമിയിലൊരുകുഞ്ഞുപൂവായി
വിരിഞ്ഞുനില്‍ക്കണം

പ്രളയകാലം














ചുവന്നു കലങ്ങിയെത്തുന്ന
എല്ലാ പുഴകളും,
ഒന്നിച്ച് പരന്നൊഴുകി 
'ഉപ്പുതിന്നുതീര്‍ക്കുന്ന കടലിനെ'
തോല്‍പ്പിക്കുന്ന ഒരു കാലമുണ്ടാകും.

Monday, November 2, 2015

ചന്ദ്രനിലേക്കൊരു യാത്ര പോകണം...














നക്ഷത്രക്കുഞ്ഞുങ്ങൾക്കും ചിറകുകൾ മുളയ്ക്കണം,
മുളംതണ്ടുകൾ തോക്കിൻ കുഴലുകളാകണം,
മിന്നാമിന്നികൾ ഉൽക്കകളാകണം,
മയിൽപ്പീലിത്തുണ്ടുകൾ തീ തുപ്പും തൂലികയാകണം.
കടലാസുവഞ്ചികളെ പടക്കപ്പലാക്കണം,
കൊതുന്പുവള്ളത്തെ
അന്തർവാഹിനിയും
കടലാസുപറവയെ
പോർവിമാനവുമാക്കണം.
വാകമരങ്ങളിൽ കരിമരുന്ന് പൂക്കണം.
തേരട്ടയെ തീവണ്ടിയും,
ചെരട്ടയെ ഭൂതത്തിൻ്റെ മുലയും,
കാഞ്ഞിരവള്ളിയെ കിനാവള്ളിയുമാക്കണം.
മഷിത്തണ്ടുകൊണ്ടു
പോയകാലത്തേക്കൊരു
പാലം പണിയണം.
പ്ലാവിലകൊണ്ടൊരു കിരീടമുണ്ടാക്കണം.
എന്നിട്ടും കാലം ശേഷിക്കുമെങ്കിൽ...
അപ്പൂപ്പൻ താടിയിൽ തൂങ്ങി
ചന്ദ്രനിലേക്കൊരു യാത്ര പോകണം.

Saturday, October 10, 2015

ശൂന്യത


കാഫ്കയും
കാമൂസും
ഇടക്കിടെ 
കയറിയിറങ്ങിപോകുന്നുണ്ട്.
ന്യൂട്ടണും
നെരൂദയും
ഗ്രാംഷിയും
ശൂന്യതകളെ
വിരലോട് വിരല്‍
ചേര്‍ക്കാറുണ്ട്.
പൊരുളുള്ള വാക്കേ,
നീയുള്ളപ്പോള്‍
ഞാനെപ്പോഴാണ്
ഒരൊറ്റവരിയാകുന്നത്.