കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
Sunday, November 10, 2013
Friday, October 25, 2013
രണ്ടുപക്ഷം
കുടിവെള്ളത്തിനുപോലും
കൈനീട്ടി യാചിക്കാനുള്ള
അവകാശത്തിനും മുന്‍പേ,
ഉള്ളവനും ഇല്ലാത്തവനും
ഒരുപോലെ ആസ്വദിക്കുന്ന
പ്രണയസ്വാതന്ത്ര്യം മാത്രമാകാം
നാല്‍പ്പത്തിയേഴില്‍
രാജ്യം വെട്ടിമുറിച്ചപ്പോള്‍
ഡല്‍ഹി നേടിയത്.
മുക്കിനും മൂലയിലും
നോക്കാല്‍, വാക്കാല്‍, മെയ്യാല്‍
പ്രണയിക്കുന്ന കാഴ്ചകള്‍പോലെ
വര്‍ണശബളമാകില്ല;
തെരുവില്‍ കൈനീട്ടുന്നവന്റെ
മനസ്സും, ശരീരവും, സ്വപ്‌നങ്ങളും.
പാര്‍പ്പിടത്തിനും നല്ലയാഹാരത്തിനും
നല്ലയുടുപ്പിനും വിദ്യാഭ്യാസത്തിനും
എന്തിന്...
വൃത്തിയോടെ പ്രാഥമികാവശ്യം
നിറവേറ്റാന്‍വരെയുള്ള സ്വാതന്ത്ര്യം,
കുറുക്കന്‍ കൊക്കിന്
പണ്ട് വിരുന്നൂട്ടിയ
പരന്ന പാത്രംപോലെ,
'ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള
അന്തര'ത്ത ആശ്രയിച്ചിരിക്കും.
കാഴ്ചക്കുമാത്രമല്ല;
ചിന്തക്കും യാഥാര്ത്ഥ്യങ്ങള്ക്കുമുണ്
രണ്ടുപക്ഷം.
നിന്റെ കണ്ണുകളോട് ഞങ്ങള്‍ക്ക് പ്രണയമായിരുന്നു
സമാനതകളില്ലാത്ത
അനശ്വരതയിലേക്ക്
ചൂഴ്ന്നു നില്ക്കണ
നിന്റെ കണ്ണുകളോട്
ഞങ്ങള്‍ക്ക് പ്രണയമായിരുന്നു.
വിഗ്രഹാരാധനയെന്നു
വിളിച്ചു പരിഹസിച്ചവർ
കണ്‍തുറന്നു കാണട്ടെ,
നീ വിതച്ച പ്രതീക്ഷയുടെ വിത്തുകൾ
ലാറ്റിനമേരിക്കയിൽ
മാറ്റങ്ങൾ കൊയ്തത്.
മുല്ലപ്പൂ വിപ്ലവ വഴികളിൽ
അറബുനാടുകൾ നിന്‍ ചിത്രം
നെഞ്ചോടു ചേര്‍ത്തത്.
വിശ്വ പോരാളിയുടെ
ചുണ്ടിനും വിരലിനുമിടയിലെ
ചുരുട്ടുമാത്രം കണ്ടു
കഞ്ചാവെന്നു
പരിഹസിച്ച സുഹൃത്തേ,
നിനക്കറിയില്ല,
ബൊളീവിയൻ കാടുകളിൽ
കടുത്ത ആസ്തമയെ
പച്ചിലമരുന്നുള്ള ചുരുട്ടുകൊണ്ടതിജീവിച്ചും,
സാമ്രാജ്യത്വ തോക്കിനുമുന്നിൽ
നെഞ്ചു കാട്ടിപോരുതിയും,
ഒരു സഖാവിനു
മാനവരാശിയുടെ വിമോചനം
സ്വപ്നം കാണാൻ കഴിയുമെന്ന്...
Wednesday, September 18, 2013
കവിതപ്പൂക്കളം
1. മത്തന്‍പൂവ്
---------------------
അനിയത്തി
മുറ്റമടിച്ച്,
വട്ടത്തില്‍
ചാണകംമെഴുകിയ,
നാങ്കടെ* മുറ്റത്ത്...
ഒത്തനടുവില്‍- ** കുത്തിവെയ്ക്കാന്‍,
ഞങ്ങളുടെയച്ഛമ്മ
അത്തംമുതല്‍
പറിച്ചുകൊണ്ടുവരാറുള്ള
മഞ്ഞപ്പൂക്കള്‍.
--------------------
* - ഞങ്ങളുടെ,
** - മധ്യത്തില്‍-, ( അച്ഛമ്മയുടെ പദപ്രയോഗങ്ങള്‍ & ഈ കവിത എന്റെ അച്ഛമ്മക്ക് സമര്‍പ്പിക്കുന്നു)
2. അശോകതെച്ചി
------------------------
ജനിച്ച നാള്‍തൊട്ട്
മുറ്റത്തെ 'ബംഗാളാ'യിരുന്നു...
ഒമ്പതുദിവസവും
പൂവിറുത്തിടാതെ
തിരുവോണത്തിന്
കാത്തുവെയ്ക്കും.
ഇന്നില്ല; പകരംഞാന്‍
നട്ടുനനച്ചൊരു
കാട്ടുതെച്ചിയുണ്ടവിടെ.
'ത്രിപുര'യെന്നപോലെ
പൂവിട്ടൊരാകാട്ടുതെച്ചി
ആഗോളതാപനത്തെയും
അതിജീവിക്കുമായിരിക്കും..
3. കാക്കപ്പൂവ്
--------------------
കരിനീലക്കണ്ണെന്നുപറയുംപോലെ
പേര് കേട്ടാല്‍,
കാക്കക്കറുപ്പെന്നാ വിചാരം.
കടുംനീലയാണെ,
പൂക്കളത്തില്‍ !;
അതോണ്ടാവും...
ഇത്തിരിപ്പൂമതി,
ഒത്തിരിച്ചന്തത്തിന്.
പറമ്പില്‍ നിന്ന് തണ്ടൊടിച്ച് പോന്ന്,
ചേമ്പിലയില്‍ പൊതിഞ്ഞുവെച്ചാല്‍
ഓരോദിനവും പൂമുളപൊട്ടും.
വെറുതെയല്ല; അമ്മവിളിക്കാറ്
'ഒടിച്ചുകുത്തി'യെന്ന്.
കാട്ടുജാതിയാ...
വീട്ടുമുറ്റത്തും വളത്തിയിട്ടുണ്ടൊരുനാള്‍..
4. ചുവന്ന രാജമല്ലി
---------------------------
പൂക്കളത്തിലെ ഈ രാജാവ്
വീട്ടുമുറ്റത്തെ സോവിയറ്റ് യൂണിയനായിരുന്നു.
മരച്ചില്ലകളില്‍ പ്രതിരോധത്തിന്റെ മുള്ളും
പൂക്കളില്‍ അഗ്നിജ്വലിപ്പിക്കുന്ന നിറക്കൂട്ടും.
മുല്ലക്കും ഇതര മൂന്നാംലോകവള്ളിച്ചെടികള്‍ക്കും
പടര്ന്നുപറ്റിപ്പിടിച്ചുവളരാമാ
പൂക്കളത്തില്‍ രണ്ടുവരിയിടാം.
പരാഗതന്തുക്കളും ഒരുവരിക്കുതികയ്ക്കാം.
അത്തംമുതല്‍ തിരുവോണംവരെ
സോവിയറ്റ് യൂണിയനുണ്ടായിരുന്നു.
ഇന്നില്ല; പകരം തൊട്ടടുത്തുണ്ട് 'മഞ്ഞരാജമല്ലി'.
എന്നാലും ഉപ്പോളം വരില്ല; ഉപ്പിലിട്ട ഈ മഞ്ഞറഷ്യ.
5. ചെമ്പരത്തി
-------------------
വീടിനു വടക്കായി,
തറവാട്ടുമുത്തന്‍ കുടിയിരിക്കും,
പള്ളിയറമുറ്റത്തെ പൂന്തോപ്പായിരുന്നു,
ചെമ്പടതന്‍ പറുദീസ.
ആശയഭിന്നതയാകാം,
ഒരേ ജനുസ്സില്‍ പിറന്നിട്ടും
ഇലകളില്‍ വൈവിധ്യം,
പൂക്കളില്‍ നിറഭേദം.
പച്ചയില്‍, വെള്ളകലര്‍ന്നവയിലിലകള്‍:;
പൂവില്‍മഞ്ഞയോറഞ്ചും, വെള്ളയും പിങ്കും,
ഇതളുകളിടതൂര്‍ന്നതിരട്ടയൊറ്റ,
കീറിച്ചീന്തി തൂങ്ങിയത്, വിടരാതെ കൂമ്പിയത്.
ചങ്കുപോല്‍ ചുവന്നുതുടുത്ത പൂവെ,
നിന്നെനെടുകെപിളര്‍ന്നാണന്ന്
പുഷ്പ-പരാഗണപ്പാഠം പഠിച്ചത്.
നിന്നിതള്‍ പിഴിഞ്ഞെടുത്താണന്ന്
അനിയത്തി മുടി കറുപ്പിച്ചതും,
അമ്മ അകനിലം മിനുക്കിയതും,
സ്ലേറ്റില്‍ ഞാന്‍ പണ്ട് കറുപ്പുകുട്ടിയതും.
ലിറ്റ്മസ് പേപ്പറിന്‍ തത്വമറിഞ്ഞതും,
മണമൊട്ടുമില്ലേലും തേന്‍തേടിയെത്തും
കുരുവികള്‍, പൂമ്പാറ്റകള്‍, തേനീച്ചവണ്ടുകള്‍ !.
വേലികളിലും പൂത്തുലയും,
ചുവന്നപൂവിന്‍ വസന്തമേ
നീയില്ലാതെ കടന്നുപോയിട്ടില്ലിതുവരെ
എന്നോര്‍മയിലൊരോണവുമീവഴി.
------------------------------
(പള്ളിയറമുറ്റത്തെ ചെമ്പരത്തിപ്പൂവ് പറിക്കാന്‍ അടുത്തുവീടുകളുണ്ടായിരുന്നു..വീ ട്ടിലന്ന് ഇതള്‍ കീറിച്ചീന്തി തൂങ്ങിയ ചെമ്പരത്തിപ്പൂവിനം മാത്രം. എങ്കിലും അച്ഛമ്മ എവിടെ നിന്നൊക്കെയോ കൊണ്ടുവരാറുണ്ടായിരുന്നു ചുവന്നു തുടുതുടുത്ത കട്ടിയുള്ള ചെമ്പരത്തിപ്പൂക്കള്‍ ...)
6. മന്ദാരം
-------------
പൂക്കളത്തില്‍
വെളുപ്പിന്റെ വിശുദ്ധിയായിരുന്നു.
പൂന്തോട്ടത്തില്‍
ലാളിത്യത്തിന്റെയും.
പൂവിടുമ്പോള്‍
ചാണകം പുരളാതെ നോക്കണം.
ഇതളടര്‍ത്തിയിട്ടാലും
പലപ്പോഴും ഒരുവട്ടം തികയില്ല,
മുറ്റത്തിനു തെക്കുകിഴക്കേമൂലയില്‍
വളര്‍ന്നിരുന്നു പണ്ടൊന്ന്.
ഇന്നുമുണ്ടൊന്ന് വേലിക്കുപുറത്ത്.
7. നന്ത്യാര്‍വട്ടം
--------------------
മുറ്റത്തെ
ചെങ്കല്ലതിര്‍വരമ്പിനുചാരി
വീട്ടിലേക്കുള്ള വഴിയില്‍
അന്നുതൊട്ടിന്നുമുണ്ട്.
പൂവിട്ടനാളിന്നോളം
പൂത്തിട്ടുമുണ്ട്.
പൂക്കളത്തില്‍ വരഞ്ഞിടാം.
പൂവിതളു തികയാഞ്ഞാല്‍ മന്ദാരം.
കണ്ണുകലങ്ങിയാല്‍
ഈ പൂവിതള്‍ച്ചാറുതന്നെവേണം.
8. അരിപ്പൂവ്
------------------
കാട്ടിലാ വാസം,
പൂച്ചെടിയെന്നാ വിളിക്കാറ്.
ഓണത്തലേന്ന്
മൈലാടിക്കുന്നിലെ
ടിപ്പുസുല്‍ത്താന്‍ റോഡില്‍*നിന്നും,
അച്ഛനുംഅമ്മയ്ക്കുമൊപ്പം
വീട്ടിലേക്ക് കുടിയിറങ്ങി,
തിരുവോണത്തിന്
പൂക്കളത്തില്‍ കുടിയിരുത്തും.
നാട്ടുവാസിയൊരെണ്ണം സങ്കരരയിനം
വീട്ടുമുറ്റത്തും നട്ടിട്ടുണ്ടച്ഛമ്മ,
പൂക്കളത്തില്‍ കുറവ് നികത്താന്‍.
തേക്കിലക്കുമ്പിളില്‍
പൂപറിക്കാന്‍ പോയിട്ടുണ്ട്
പണ്ടമ്മവീട്ടില്‍, കുറ്റിക്കാട്ടില്‍.
------------------------------
[* - അരിമ്പ്രറോഡില്‍ മൈലാടിക്കടുത്ത് പണ്ട് ടിപ്പുസുല്‍ത്താന്‍ യാത്രചെയ്തിരുന്ന പാത.(പാലക്കാട്- മൈസൂര്‍ റൂട്ട്). ഇവിടെയടുത്താണ് അച്ഛന് മിച്ചഭൂമിയായി കിട്ടിയ 90 സെന്റ്. ഓണത്തലേന്ന് മിച്ചഭൂമിയില്‍ നട്ടുനനച്ചുണ്ടാക്കിയ മത്തനും പയറുമടക്കമുള്ള പച്ചക്കറികള്‍ പറിക്കാനായി അച്ഛനും അമ്മയും പോകുമ്പോള്‍ ടിപ്പുസുല്‍ത്താന്‍ റോഡിനിരുവശത്തുമുള്ള അരിപ്പൂവിന്‍ചെടികളില്‍ നിന്നും പൂക്കള്‍ പറിച്ചുകൊണ്ടുവരുമായിരുന്നു...]
9. കൃഷ്ണകിരീടം
------------------------
അച്ഛമ്മയ്ക്ക് മാത്രമറിയാവുന്ന
'നീലത്താമര'* ലൊക്കേഷനുകളില്‍നിന്നുള്ള
പൂക്കളും പൂമൊട്ടുംവെവ്വേറെ,
കട്ടിയില്‍ രണ്ടുവരിരണ്ടുനാള്‍ തികയ്ക്കാം.
കിങ്ങിണിപ്പൂവെന്നും വിളിച്ചിരുന്നു;
ഒരുപേരിലെന്തിരിക്കുന്നു ?
ചുവപ്പിന്റെ സൗന്ദര്യം കണ്ടാല്‍... !
------------------------------
[*- നാട്ടില്‍ കൃഷ്ണകിരീടം ഇടതൂര്‍ന്ന് പുഷ്പിക്കുന്ന നീര്‍ച്ചോലകളെയും കാവുകളെയും, നീലത്താമരയെന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ ലൊക്കേഷന്‍ എന്ന് വിശേഷിപ്പിക്കുക പതിവാണ്.]
10. ശീമകൊന്ന
--------------------
പത്താംനാളില്‍
പത്തുവരിതികച്ചാലും,
വട്ടംകൂടാനിടുന്ന
പൂവുള്ളമരത്തിലൊരിലയുണ്ട്.
നീട്ടിവട്ടത്തില്പുറംമറിച്ചിടു
വേലിക്കരികിലെയിലച്ചെടിയേ,
ചിങ്ങത്തില്‍ കണി കൊന്നയായാലും
നീമാത്രമെന്തേ പൂവിടാന്‍ മറന്നുപോണൂ...
------------------------------
(പല ഇലകളും പൂക്കളത്തിന് ഭംഗികൂട്ടാന്‍ ഉപയോഗിക്കാറുണ്ട്. തുളസിയില,
ചിലചെടികളുടെ ഇലകളരിഞ്ഞത്..അങ്ങനെ...നിരവധി.. അതില്‍ പ്രധാനമാണ് വേലിക്കരികിലെ ശീമകൊന്നയില.)
Subscribe to:
Comments (Atom)






