കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Friday, August 23, 2013

മുള്‍പ്പൂവ്















പകല്‍ച്ചൂടില്‍ വെന്ത
ആത്മാവിന്റെ
ഇരുള്‍വീണ കോണിലെ
മുള്‍ച്ചെടിയില്‍
വിരിഞ്ഞതാണ് പൂവ്.

എല്ലാ അധിനിവേശങ്ങളെയും
ചെറുക്കാന്‍
പ്രകൃതി ചെത്തിക്കൂര്‍പ്പിച്ച
ആയുധമാണ് മുള്ള്.

എല്ലാറ്റിനുമോടുള്ള
തീവ്രപ്രണയത്താല്‍
അനശ്വരതയുടെ
രൂക്ഷഗന്ധം പേറിയതാണ്
പൂവ്.

പൂവോളം ഗന്ധമോ ;
മുള്ളോളം മുനയോ,
ഹൃദയത്തെ ഏതാകും
ആദ്യം പകുത്തെടുക്കുക ?.

Saturday, August 17, 2013

ഞാനില്ല നാട്ടില്‍; കൂട്ടിന്....















പൊന്‍ചിങ്ങമേ,
കൂട്ടിന് ഞാനില്ല; കരയരുത്..

ഓണപൂക്കളേ,
പൂന്നുള്ളാന്‍ ഞാനില്ല; ചിരിക്കാതിരിക്കരുത്.

പൂന്നെല്ലിന്‍കതിരുകളേ,
കൊയ്യുവാന്‍ ഞാനില്ല; വാടിത്തളരരുത്.

പച്ചംപനംതത്തേ,
കൂടെവരാന്‍ ഞാനില്ല; പാടാതിരിക്കരുത്.

തോട്ടിലെ പരല്‍മീനുകളേ,
ചൂണ്ടയിടാന്‍ ഞാനില്ല; കൊത്താതിരിക്കരുത്.

പാതിപകുത്ത ജാലകമേ,
അഴിപിടിക്കാന്‍ ഞാനില്ല; കണ്ണീരുപ്പുരസം മറക്കരുത്.

ചാലിയാറിലെ ഓളങ്ങളേ,
ഒരുമിച്ചൊഴുകാന്‍ ഞാനില്ല; പ്രണയിക്കാതിരിക്കരുത്...

Thursday, August 15, 2013

ഫിദല്‍ @ 87















എണ്‍പത്തിയേഴിലെത്തിയ
ചെന്താരമേ,
ലാല്‍സലാം.

കരീബീയന്‍ ദ്വീപിനെ
ചെമ്പട്ടണിയിച്ച
വിപ്ലവയൗവ്വനമേ,
ലാല്‍സലാം.

ക്യൂബയെന്ന ചുവന്നപൂവിലെ
വിപ്ലവപരപരാഗണത്താല്‍
ലാറ്റിനമേരിക്കയില്‍ വസന്തം തീര്‍ത്ത
പ്രണയശലഭമേ,
ലാല്‍സലാം.

ചുവപ്പിന്റെ പ്രത്യയശാസ്ത്രത്തെ
നിധികാക്കുംഭൂതത്തെപ്പോലെ
തീക്ഷ്ണസ്‌നേഹത്തില്‍
പൊതിഞ്ഞുസൂക്ഷിച്ച
പ്രിയസഖാവെ;
ചെഗുവേരയുടെ പ്രിയ കൂട്ടൂകാരാ...
ജന്മദിനാംശസകള്‍!. 1

പുകക്കുഴല്‍












ഒറ്റപ്പെടുന്ന ദ്വീപില്‍
ഞാനൊരു മണ്‍കുടിലുപണിയുന്നു.

സ്വപ്‌നംകൊണ്ടാണ് വാതില്‍.
ജാലകങ്ങളാണ് പ്രതീക്ഷ,
ഉല്‍കണ്ഠകളിലാണുത്തരം.
മുറ്റത്ത്,
ഭൂമിയിലെ പൂക്കളെല്ലാം
വിരിയുന്നൊരു പൂന്തോട്ടം.
വെന്തുരുകും വേദനകള്‍
കത്തിക്കരിഞ്ഞുപുകയായ്,
ബഹിര്‍ഗമിക്കാന്‍
അടുക്കളയിലൊരു പുകക്കുഴലും...

ഇത്രയും മതിയെന്‍മണ്‍കുടിലിന്!.

വാതിലും ജനലും
പുറത്തുനിന്നടച്ചോളൂ...
പൂന്തോട്ടം മാത്രമല്ല;
പൂക്കാലവുമെടുത്തോളൂ...

പക്ഷേ... ''പുകക്കുഴല്‍'';

അതെന്റെ ചോദ്യങ്ങളുടെയും,
പിന്നെയീ കുടിലിന്റെയും
ഉത്തരത്തിലാണ്...!

അതൊരിക്കലും
പഴന്തുണിവെച്ചടക്കരുത്.

Wednesday, August 14, 2013

സ്വാതന്ത്ര്യം















സ്വപ്‌നങ്ങളുരുക്കിയാണ്
സ്വാതന്ത്രത്തിന്റെ മാലകോര്‍ത്തത്.
സ്വപ്‌നങ്ങളുരുകിയാണ്
പാരതന്ത്ര്യത്തിന്റെ ചങ്ങലതീര്‍ത്തത്.
മാലക്കും ചങ്ങലക്കുമിടയില്‍
ഇന്ന് അതിര്‍വരമ്പുകളൊന്നുമില്ല.

വെളുത്തവന്റെ സപ്രമഞ്ചത്തില്‍
കറുത്തവന്‍ ഇരുന്നെന്ന് കരുതി
ഗംഗയില്‍ തേനൊഴുകുമോ ?

ഒബാമരാജ്യം തുടര്‍ന്നാലും
രാമരാജ്യം വന്നാലും
പുണ്യനദിയിലൊഴുകുന്ന
ദരിദ്രശവങ്ങള്‍
ദാഹമകറ്റാന്‍
കുപ്പിവെള്ളം കുടിക്കേണ്ടിവരും.

എന്തായാലും
മൂന്നാമത്തെ സ്വാതന്ത്ര്യസമരവും,
മൂന്നാമത്തെ ലോകയുദ്ധവും,
ജീവജലത്തിനുവേണ്ടിയാകുമല്ലോ.
--------------------------------------------------------------------------------------------
(ഒരു മാസം മുന്‍പ് ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവേ, ട്രാഫിക് സിഗ്നലിനടുത്ത് വെച്ച് സുഹൃത്തിന്റെ കയ്യിലെ കുപ്പിവെള്ളത്തിന് വേണ്ടി യാചിച്ച പെണ്‍കുട്ടിക്കും കഴിഞ്ഞദിവസം ഐഎന്‍എ മാര്‍ക്കറ്റിനു സമീപം പെപ്‌സി കുടിച്ചുകൊണ്ടിരുന്ന
ഒരാളുടെ നേരെ യാചിച്ച പിഞ്ചു ആണ്‍കുട്ടിക്കും വേണ്ടി സമര്‍പ്പിക്കുന്നു.)

Friday, August 9, 2013

ഹിരോഷിമ















പ്രിയ ഹിരോഷിമ...
നീയൊരു കനലാണ്.
ഉലയൂതുമ്പോള്‍
കത്തിജ്ജ്വലിക്കേണ്ട
സമാധാനത്തിന്റെ
തീക്കനല്‍.

ഒരുനാള്‍ നിന്നെ വിഴുങ്ങിയ
അത്യാഗ്രഹങ്ങളുടെ തീഗോളം
ഭൂമിയെത്തന്നെയും വട്ടമിടുന്നവര്‍ക്ക്
ഇന്നുമൊരു താക്കീതാണ്.

ശാന്തിമന്ത്രങ്ങളുടെ
വറചട്ടിയില്‍ വേവുന്ന
മാനവികതയുടെ
അപ്പക്കഷ്ണങ്ങങ്ങള്‍
കഴുകന്‍ കവരുമ്പോള്‍
ചാരംപൊതിഞ്ഞ കനല്‍
ഓര്‍മകളൂതി ചുവന്നുപഴുക്കട്ടെ...

ഒറിഗാമിപ്പറവകള്‍
ജീവന്റെ തുടിപ്പാര്‍ന്ന്
സ്വാതന്ത്ര്യം കൊതിക്കുമ്പോള്‍
പ്രിയ ഹിരോഷിമാ...
നിന്നിലൊരു ഹിമകണം
സൂര്യനെപ്പോലെ ജ്വലിക്കട്ടെ.

ജാലകം
















ഇതാണെന്റെ ചില്ലുജാലകം.

പാതിതുറന്ന മനസ്സുപോലെ
പാതിഞാനടച്ച ജാലകം.

പടിഞ്ഞാറേ മാനത്ത്
ഇരുള്‍ വീഴുമ്പോള്‍
പാതിമറഞ്ഞ 
പൊന്നരിവാളമ്പിളി
പാല്‍പുഞ്ചിരിതൂകി
ഒളികണ്ണിടുന്ന ജാലകം.

താഴേതൊടിയില്‍
മാവ് പൂക്കുന്നതും
മുരിങ്ങാമരച്ചോട്ടില്‍
താരകം പൂത്തിറങ്ങുന്നതും
ചന്തമേറും ജാലകക്കാഴ്ചകള്‍.

പൊന്നൊളിവെയിലിലും പേമാരിയിലും
പാതിവെന്തമനസ്സിന്റെ
പാതിയാണീ ജാലകം !

വളപ്പൊട്ട്



മഴ കഴുകിയെടുത്ത
മണ്‍പുതപ്പില്‍
മുളച്ചുപൊന്തിയതാ വളപ്പൊട്ട്.

ഒത്തവര്‍ണം ഒത്തുനോക്കി
വട്ടത്തില്‍ കളിച്ചതാ പണ്ട്.

പാതിപൊട്ടിയ വളപ്പൊട്ട്
വിളക്കത്തുരുക്കിവളച്ച്
മാല കോര്‍ത്തതാ പണ്ട്.

ഓര്‍മകള്‍ ഇങ്ങനെയാ
കയ്യില്‍ കുപ്പിവളച്ചില്ലുകുത്തി
രക്തം പൊടിപ്പിച്ചുകൊണ്ടിരിക്കും.