എല്ലാ മലമുകളില്‍നിന്നും
ഓരോ പുഴകള്‍ ജനിക്കുന്നു.
സ്മൃതികളില്‍ പിറന്ന
നദീതട സംസ്‌കാരങ്ങള്‍
വര്‍ത്തമാനത്തില്‍ മരിച്ച്,
ഭാവിയില്‍ ചരിത്രമാകുമ്പോള്‍
കാലത്തെ അടയാളപ്പെടുത്തുന്ന പുഴകള്‍.
വര്‍ഷമേഘമേ...
വറ്റുന്ന പുഴകള്‍ പ്രളയമൊളിപ്പിക്കട്ടെ
വേനല്‍ കൊടുംവെയിലേ..
വറ്റാത്ത പുഴകള്‍ പ്രണയമൊളിപ്പിക്കട്ടെ.
ഋതുഭേദങ്ങളറിയാതൊരുപോലൊഴുകുംപുഴ
ഞാനെന്റെ ഹൃദയം പകുത്തുകൊടുക്കുന്നു;
ആ പുഴതന്നാത്മാവിലൊരഭയം തേടുന്നു.
ആകാശത്തെ പുണരും പശ്ചിമഘട്ടത്തില്‍
നീലഗിരിയുടെ ഇളമ്പാരി മലനിരകളില്‍
എവിടെയോ പെയ്ത പേമാരിക്ക്
ഉറവയുറഞ്ഞുരുള്‍പൊട്ടി
ചിന്നിച്ചിതറി, കുതിച്ചുപാഞ്ഞ്
ചെറുകല്ലിളകി, മറുകല്ലിളക്കി
പതഞ്ഞുപൊന്തിപ്പാല്‍നുരചിന്തി,
പലതായ് പിരിഞ്ഞും, തായ്‌വഴി ചേര്‍ന്നും
ഈ പുഴ ജനിക്കുന്നു.
ഉത്ഭവത്തില്‍ ഇളനീരിന്‍ മധുരമാണ്,
ഒഴുകുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്പാണ്,
പതനത്തില്‍ കണ്ണുനീരിനുപ്പാണ്.
നശ്വരജീവിതത്തിനര്‍ത്ഥമറിയാന്‍
അനശ്വരചോദ്യങ്ങള്‍ ഉത്തരംതേടും
മനസ്സിന്റെ ശൂന്യതയില്‍
നിന്നോടുള്ള പ്രണയം
കവണക്കല്ലില്‍ അണപൊട്ടിയൊഴുകട്ടെ,
നിന്നിലലിഞ്ഞുഞാനില്ലാതാകും നാള്‍വരെ.







