കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Monday, October 27, 2014

അഞ്ജത












'ഞ്ജ'യും 'ജ്ഞ'യും
എപ്പോള്‍
എവിടെയെല്ലാം ചേര്‍ക്കണം
എന്നതിനെക്കുറിച്ച്
പലപ്പോഴും
ഞാന്‍
അ'ജ്ഞ'നാണ്.

Saturday, August 9, 2014

റിലയന്‍സ്പ്പാന


ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇനിനാളെയുമെന്തന്നറിഞ്ഞീല
ഇന്നീകണ്ടരാജ്യത്തിനുവിനാശവും
ഇന്നനേരമന്നേതുമറിഞ്ഞീല

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നുവരുത്തുന്നതും റിലയന്‍സ്
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടത്തുന്നതും റിലയന്‍സ്.
മാളികമോളേറിയമന്നന്റെ തോളില്‍
മാറാപ്പുകേറ്റുന്നതും റിലയന്‍സ്.

ചൂട്ട്


 

 

 

 

 

 


നാട്ടിടവഴികളിലന്നുരാത്രികളില്‍
വെളിച്ചമേകിയ കറുത്ത ചൂട്ടേ...
ഇന്നു നീ ഞെരിഞ്ഞുകത്തുന്നതെന്റെ
ഓര്‍മകളുടെയൊരോലത്തുമ്പിലാണ്.

ഗൃഹാതുരതകളുടെ മഞ്ഞുവീണ
ഭൂതകാലത്തിന്‍ പാതയോരത്തിന്നുഞാന്‍
ആഞ്ഞുകൈവീശി നടക്കുമ്പോള്‍
നീയാളിക്കത്തിയെരിയുന്നതെന്റെ
കരളിലെകാണായിരുട്ടറയിലാണ്

ഹലാക്കിന്റെ അവുലും കഞ്ഞി അഥവാ തണുത്തുറയുന്ന അമേരിക്ക


 











അമേരിക്ക
മുമ്പെങ്ങുമില്ലാത്തപോല്‍
തണുത്തുറഞ്ഞുവത്രേ.


''താന്താന്‍ നിരന്തരം
ചെയ്യുന്ന കര്‍മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ...''

ഭൂഗോളം ചൂടുപിടിക്കുന്നതും
ലോകഭാവി ഇരുളടയുന്നതും
കണക്കിലെടുക്കാതെ
കാല്‍ഭാഗം സിഒടുവും
നീയൊറ്റക്ക് പുറംതള്ളി,
ആഗോളതാപനത്തിന്റെ
ചുടുചോറ് തീറ്റിച്ചപ്പോള്‍
നീയോര്‍ത്തില്ല; എന്നെങ്കിലും
ഹലാക്കിന്റെ തണുത്ത
അവിലും കഞ്ഞി
നിനക്കും കുടിക്കേണ്ടിവരുമെന്ന്.

പാല്‍കൊടുത്തുവളര്‍ത്തിയ
ആഗോളതാപനവും
ആഗോളവല്‍ക്കരണവും
തിരിഞ്ഞുകൊത്തുമ്പോഴും
നിന്റെ കണ്ണുകള്‍
എണ്ണപ്പാടത്തായിരിക്കും.

വാള്‍സ്ടീറ്റ് പിടിച്ചെടുത്താലും
മഞ്ഞുകട്ടയില്‍ മരവിച്ചാലും
നീ ഒരിക്കലും പഠിക്കില്ല.

അരാസ്ട്രീയ ജന്തുപിടിയന്‍മാര്‍

 

 

 






[ Apolitical Intellectuals (അരാഷ്ട്രീയ ബുദ്ധിജീവികള്‍) എന്ന കവിതയുടെ ഏറനാടന്‍ ദളിത്‌ വേര്‍ഷന്‍ ]

ഒരോസം ഏറ്റോം പാവങ്ങളായ മന്‍സന്‍മാരാല്‍ അന്റെ രാജിയത്തിലെ അരാസ്ട്രീയ ജന്തുപിടിയന്‍മാര്‍ ചോദ്യം ചോയ്ക്കപ്പെടും.
ഒറ്റക്കും പൊട്യോളം ഉള്ള ഒരു കത്തിക്കാളല് പോലെ രാജിയം അങ്ങനെ, അങ്ങനെ ചാകാന്‍ തൊടങ്ങ്യാപ്പം ഇന്തത്ത്ട്‌ക്കേനി ങ്ങഌ ന്ന് ഓര് ചോയ്ക്കും.
ഓരെ കുപ്പായം തുന്ന്യേനെപ്പറ്റീം, ഉച്ചക്ക് പള്ള ബാറാക്കീട്ട് മയങ്ങ്‌ണേനെപ്പറ്റ്യൊന്നും ഓലാരോടും ചോയ്ക്കൂലാ...
സൂന്യതയെച്ചൊല്ലീള്ള പൊള്ള്ാളെക്കുറ്‌ച്ചൊന്നും ഒരാളും പിറ്റേസം അന്വേസീക്കുലാ...
ഓലെ ബല്പ്പത്തരോന്നും ആരും കൂട്ടാക്കുയ്‌ലാ...
ഓറ്റോന്റെ പയംപുരാണത്തെക്കുറിച്ചൊന്നും ചോദ്യം ചോയ്ക്കൂലാ...
പേടിത്തൊണ്ടനെപ്പോലെ ഓലൊരുത്തന്‍ തൂങ്കിച്ചാകുമ്പൊ ഓറ്റനുഭവിക്കണ എടങ്ങേറിനെപ്പറ്റി ഓര് ചോദ്യം ചോയ്ക്കപ്പെടൂലാ.
ഒരോസം ഏറ്റോം പാവങ്ങളായ മന്‍സന്‍മാരാല്‍ അന്റെ രാജിയത്തിലെ അരാസ്ട്രീയ ജന്തുപിടിയന്‍മാര്‍ ചോദ്യം ചോയ്ക്കപ്പെടും.
ആദീസം പട്ടിണിപ്പാവങ്ങളായ മന്‍സന്മാര്,
ഈ ജന്തുപിടിയന്മാരുടെ കവിതേലും കഥേലും ഓര്ാലത്തും ഇടംല്ല്യാത്തോര്, പച്ചേങ്കില് ദിവസോം ഓര്‍ക്ക് പാലും കലത്തപ്പോം കൊടുത്തോര്,
എറച്ചീം മുട്‌കേം കൊടുത്തോര്, ഓറ്റന്റെ തുണീം കുപ്പായോം തേച്ചിരുമ്പിയോര്, ഓറ്റന്റെ കാറുംബണ്ടി ഓടിച്ചോര്, ഓറ്റന്റെ പട്ട്യാളേം ബളര്‍ത്തിയോര്,
ഓരെ ചെടിത്തോട്ടത്തില്‍ വേല്യടച്ച് കാവലിരുന്നോര്.
ഓറ്റ ബരും. ബ്ന്ന്ട്ട് നല്ലോണം ചോയിക്കുംങ്കളോട്...പാവങ്ങടെ ജീവിതോം, ചൊപ്പനങ്ങളും കത്ത്യെരിഞ്ഞപ്പോം എന്ത്ട്ക്കനി ങ്ങള് ന്ന്...
അങ്കടെ പളാപളാ ന്ന് മിന്ങ്ങണ രാജിയത്തിലെ അരാസ്ട്രീയ ജന്തുപിടിയന്‍മാരെ...,
ങ്ങക്ക് ഒരുത്തരൂം പറയാംണ്ടാകീലാ...
മൂണ്ടാത്ത ഒരു കഴുകന്‍ ബന്ന് ഇങ്ങടെ കൊടല് തിന്ന് തീര്‍ക്കും.
നിങ്ങടെതന്നെ എടങ്ങേറ് ഇങ്ങടെ ആത്മാവ് അങ്ങ്ട് കരണ്ട് തിന്നും.
നിങ്കളെ നാണം ങ്കളെ മുണ്ടാന്‍ ബജ്ജാതാക്കും.

Saturday, February 8, 2014

സെയിം ടു യു














കറുപ്പും ചുകപ്പും അക്കങ്ങള്‍
ഇണചേര്‍ന്ന കലണ്ടറും,
ഓര്‍മകള്‍ ചോരത്തുപ്പിച്ചുകപ്പിച്ച
താളുകളേച്ചുകെട്ടിയ ഡയറിയുമല്ലാതെ
മറ്റൊന്നുംമാറിമറിയുന്നില്ലല്ലോ
സഹോദരാ...!.

ഇവിടെയീ നഗരത്തിലെ
ഗതാഗതകുരുക്കുകളില്‍
ഇപ്പോഴും കുട്ടികള്‍
ഭിക്ഷതേടിയലയുന്നുണ്ട്,

അങ്ങകലെയെന്റെ ഗ്രാമത്തില്‍
പാടവരമ്പത്തെ വരണ്ടപൊത്തില്‍
ഞണ്ടുകള്‍ ആത്മഹത്യക്കയര്‍
തിരയുന്നതും,
തോടുകളില്‍ നിന്നും
കുടിയിറങ്ങിപ്പോയ
കൊയ്ത്തിമീനുകള്‍
കൊള്ളിമീനുകളായ്
ആകാശത്തൊരാതിര
തിരയുന്നതും കാണാം...

എന്നോ പണയത്തിലായ
നമ്മുടെ...;
ഭൂമിയുടെ തന്നെയും,
'ഭാവി' ഉരച്ചുനോക്കി
ഓഹരികമ്പോളത്തില്‍
കാളക്കൂറ്റന്‍മാര്‍
ചൂതാടുമ്പോള്‍,
എനിക്കാവതില്ല, സഹോദരാ
''ഇന്നത്തെ നിന്റെ മൊബൈല്‍
സന്ദേശത്തിന് 'സെയിം ടു യു'
പറയാനും
ഫേസ്ബുക്കിലെ പോസ്റ്റിന്
ലൈക്കടിക്കാനും.''

ഇന്ന് മാത്രം...
ഇന്ന് മാത്രം,
എന്നോട് ക്ഷമിക്കുക.

നമുക്കുണ്ടാകും
നല്ലൊരു നാളെ,
നല്ലൊരു പുതുവര്‍ഷമല്ല;
''നല്ലൊരുനാളെ...''

മിഷേല്‍ ബാഷ്‌ലെറ്റിന്













നെരൂദയുടെ ചിലി...
നീ ഇപ്പോഴും
ചുവന്നവാകമരങ്ങളാലൊരു
പുതപ്പ് നെയ്യുന്നു.

നിന്‍തനുവിലണഞ്ഞ
നവവസന്തത്തിന്‍
ചെറിപ്പഴങ്ങളിലെ
ഹിമബിന്ദുവിലുണ്ട്
പ്രതീക്ഷയുടെ
പ്രതിബിംബം;

നിന്മനവും
കവിതപോല്‍ പ്രണയശോണിതം.

പ്രക്ഷുബ്ദമാംകാലത്തില്‍
നിന്‍ചിന്തകളുടെപ്രളയം
പുതിയൊരായുധം
മൂര്‍ച്ഛകൂട്ടിയൊരുക്കുന്നു.

നിനക്കുമുകളില്‍ മിന്നും ചെന്താരകം
മരുഭൂവില്‍ മരുപ്പച്ചകൊതിച്ചവര്‍ക്ക്
പ്രത്യാശയുടെ തൂവെളിച്ചമേകുന്നു.

നെല്‍സണ്‍ മണ്ടേലക്ക്...


 













ഇരുണ്ട ഭൂഗണ്ഡത്തില്‍
തെളിമയുള്ളൊരു നാളിനായ്,
തൊലിവെളുപ്പിനകത്തെ
കറുത്തമനസ്സിനെതിരെ
ജ്വലിച്ചുയര്‍ന്ന ശ്യാമസൂര്യാ...

അങ്ങേക്ക് ലാല്‍സലാം.

വര്‍ണവിവേചനംകൊണ്ട്
അയിത്തം കല്‍പിച്ച ജനതക്ക്
അവകാശസമരവീചികളില്‍
അറിവിന്റെ വെളിച്ചമേകിയ
കറുത്ത 'പ്രോമിത്യൂസ്'

അങ്ങേക്ക് ലാല്‍സലാം.

ശുഭപ്രതീക്ഷതന്‍
പൊന്നുവിളയണ
കരിമണ്‍മുനമ്പില്‍,
കാപ്പിരിമക്കളുടെ
കണ്ണീരുവീഴ്ത്തിയ,
വെള്ളക്കാരന്റെ
വര്‍ണവെറിക്ക്
ഒളിഞ്ഞും തെളിഞ്ഞും
കടിഞ്ഞാണിട്ട സഖാവെ

വീരവണക്കം, വീരവണക്കം.

പ്രത്യാശ







കാലംതെറ്റിയ മഴയില്‍
എഴുത്തുപോല്‍, ചുവന്ന്തുടുത്ത്,
കവിതപോല്‍ ഇരച്ചെത്തി,
പതഞ്ഞ്പാല്‍നുരചിന്തി,
കലങ്ങിയൊഴുകും നിന്നെയെങ്ങനെ
പ്രണയിക്കാതിരിക്കും ചാലിയാറെ.

ഒരിടവേളയില്‍ വേര്‍പിരിഞ്ഞെങ്കിലും,
ഒരുകൊതുമ്പുവള്ളമായ്‌
പ്രാണന്‍പകുത്ത്‌നിന്നരികിലെത്തും.
ഞാന്‍ തേടിയതും പിന്നെ;
നീ നല്‍കിയതും സ്‌നേഹമാകയാല്‍...

മിനി ഊട്ടി


 










ഇഷ്ടമുള്ളിടത്ത് കൈകാട്ടി
കയറാനുമിറങ്ങാനും,
അവനാന്‍പടിറൂട്ടിലോടുന്ന
ബസാണ് 'കുട്ടിബസ്';
അഥവാ മിനിബസ്!.

തണുപ്പുകൊണ്ട്
കാഴ്ചകാണാന്‍
കൊതിക്കുമ്പോ,
ഗൂഡല്ലൂരിലൂടെന്നപോല്‍
മൈലാടിറോഡുവഴി,
പത്തുമൈലുതാണ്ടി,
ഞങ്ങളെത്താറുള്ള
വിനോദസഞ്ചാരകേന്ദ്രമാണ്
മിനിഊട്ടി !.

ഇനി എന്നാകും
ഞങ്ങടെ നാട്ടില്‍നിന്നും
മിനി ഊട്ടിയിലേക്കൊരു
മിനിബസുണ്ടാകുക ?.

ഒരേ നിറം


 

















അനീതി തളംകെട്ടിയ
കോട്ടകൊത്തളങ്ങളില്‍
കാമില വലേജോ...
നീയൊരു താരോദയം.

നെരൂദ, കവിതകൊണ്ട്
അടയാളപ്പെടുത്തിയ
ചിലിയുടെ മണ്ണില്‍
നീയൊരു നവവസന്തം.

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍
ജനിച്ചുവളര്‍ന്ന നീ,
രാഷ്ട്രം കീഴടക്കാനുപയോഗിച്ച
മാറ്റത്തിന്റെ കൊടിക്കൂറ
ലാറ്റിനമേരിക്കയിലലയടിച്ച്
ലോകത്തെത്തന്നെയും,
പിടിച്ചുലക്കുന്ന നല്ലൊരു
നാളെയുണ്ടാകുമീ ഭൂമിയില്‍.

ഓ... പ്രിയ വലേജോ
ഒരുപക്ഷേ
നീയാകും ഇനി നാളത്തെ
ചിലിയുടെ ചെ,
ചിലിയുടെ കാസ്‌ട്രോ,
ചിലിയുടെ ചാവേസ്...

'മാച്ചുപിച്ചു'വിന്റെ ഉയരങ്ങളില്‍നിന്ന്
നെരൂദയിറുത്ത് നല്‍കിയ
പ്രണയത്തിന്റെ പൂക്കള്‍ക്കും,
മാര്‍ക്‌സിസത്തിന്റെ താഴ്‌വരയില്‍ നിന്നും
നീയിറുത്ത് തന്ന
വിപ്ലവത്തിന്റെ പൂക്കള്‍ക്കും
ഒരേ നിറമായിരുന്നു, കാമില വലേജോ..
................................................................................................
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
[കാമില വലേജോ - ചിലിയില്‍ വിദ്യാഭ്യാസകച്ചവടവല്‍ക്കരണത്തിനെതിരായ പ്രക്ഷോഭത്തില്‍, തെരുവുകളെ ഇളക്കിമറിച്ച യുവനേതാവ്. ഈയിടെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
മാച്ചുപിച്ചു - ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ അതിര്‍ത്തിപങ്കിടുന്നതും, പുരാതന ഇന്‍കാ സ്ംസ്‌കാരം നിലനിന്നിരുന്നതുമായ പര്‍വതനിര. പാബ്ലോ നെരൂദയുടെ കവിതകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് മാച്ചുപിച്ചു.]

ജീവിതയാത്ര


 














കണ്ടാല്‍തോന്നും
ലക്ഷ്യമില്ലാതെ
പാറിപ്പറക്കുകയാണെന്ന്...

പക്ഷേ;
വരുമൊരുകാലത്തേക്ക്,
പിന്‍തലമുറയെ
നട്ടുമുളപ്പിക്കാന്‍
കുത്തിയുണ്ണാത്ത
വിത്തുമായാണ്
നിന്റെ ഓരോ യാത്രകളും...

എന്നാലും;
നൂലുപൊട്ടിയ പട്ടംകണക്കെ
വിത്തുപേക്ഷിച്ച്,
ഗഗനവിശാലതയിലേക്ക്
ഇനിയും നീ
ഉയര്‍ന്നുപൊങ്ങുന്നതെന്തിനാകും ?.

അല്ലയോ അപ്പൂപ്പന്‍താടീ...

ശൈശവവും, ബാല്യവും, കൗമാരവും
ഒരു പ്യൂപ്പയിലെന്നപോല്‍
തപസ്സിരുന്നും,

യൗവ്വനത്തില്‍
ഒരു ബിഗ് ബാങ് തിയറിയായ്‌
പൊട്ടിപ്പിളര്‍ന്നും,

വാര്‍ദ്ധക്യത്തില്‍ നീ
ഏകാകിയായ്
തീര്‍ത്ഥയാത്രചെയ്തും,

ഒടുവില്‍....

പ്രിയ സഖാവേ,
പ്രണയചാരുതയോടെ;
നീ എവിടേക്കാണ്
പോയ്മറയുന്നത്...?

വേട്ടക്കാരനും ഇരകളും










ഒന്നാമത്തെ വേട്ടക്കാരനെ ചൂണ്ടി
രണ്ടാമത്തെ വേട്ടക്കാരന്‍ വിളിച്ചുപറഞ്ഞു..
''പുലി വരുന്നേ പുലി...!''

രണ്ടാമത്തെ വേട്ടക്കാരനെ ചൂണ്ടി
ഒന്നാമത്തെ വേട്ടക്കാരന്‍ വിളിച്ചുപറഞ്ഞു.
''പുലി വരുന്നേ പുലി...!'

ഒടുവില്‍ രണ്ടുപുലികളുമെത്തി

ഒരുപുലി, പാകിസ്താനില്‍
സ്വാത് പ്രവിശ്യയിലിറങ്ങി.
മലാലയുടെ നേര്‍ക്ക്...

ഒരുപുലി, പാകിസ്താനിലെ
വടക്കേ വാശിര്‍സ്ഥാനില്‍
നബീലയുടെ നേര്‍ക്ക്

പുലികള്‍ക്ക്
ഒരേ ദ്രംഷ്ടകളായിരുന്നു
പുലികള്‍ക്ക്
ഒരേ പുള്ളികളായിരുന്നു.
പുലികള്‍ക്ക്
ഒരേ വേഗതയായിരുന്നു.

പുലികള്‍ ഒരമ്മ പെറ്റതായിരുന്നു;
അച്ഛന്‍ വേറെയായിരിക്കാമെങ്കിലും.

പുലികളിപ്പോഴും കുന്നിന്‍ചെരിവിലെ
കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുപ്പുണ്ട്.

വേട്ടക്കാര്‍ക്ക്
ഒരേ ലക്ഷ്യമായിരുന്നു.
ഇരകള്‍ക്ക് ഒരേ
വേദനയായിരുന്നു.
**********************
(സമര്‍പ്പണം- അമേരിക്കയുടെ ഡ്രോൺ ആക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട 'നബീല ഉര്‍ റഹ്മാനും', താലിബാന്റെ തോക്കിനുമുന്നില്‍ നിന്നും രക്ഷപ്പെട്ട 'മലാല യൂസുഫ് സായ്'ക്കും)

ഒക്‌ടോബര്‍ വിപ്ലവത്തിന് സ്‌നേഹപൂര്‍വ്വം















നിലംപതിച്ച
വാകമരത്തിന്‍
ചില്ലകൊണ്ട്
ശവംമഞ്ചം തീര്‍ത്ത്
ഇനിയും
കാത്തിരിക്കുന്നവരോട്
ഒരുവാക്ക്...

വേരിനിയുമുണങ്ങിയിട്ടില്ല;
ഇലകളിനിയും തളിരിടാം.
ചുവന്നപൂക്കളുടെ വസന്തം
തിരിച്ചുവന്നേക്കാം.

ഒന്നുകൂടിയോര്‍ക്കുക...

വിത്തുകള്‍ പലതും
മുളപ്പിച്ചുതന്നെയാണ്
പൂവാക നിലം പതിച്ചത്...

വോള്‍ഗ ഇപ്പോഴും ഒഴുകുന്നുണ്ട്
പ്രവ്ദ ഇപ്പോഴും വായിക്കപ്പെടുന്നുണ്ട്...

പ്രതീക്ഷയുടെ വേരുകളും
പ്രത്യാശയുടെ വിത്തുകളും
ഞങ്ങളിപ്പോഴും നനയ്ക്കാറുണ്ട്.

കേരളപ്പിറവി


 
 
 
 
 
 
 
 
 
 
പൊന്നാര്യന്‍കൊയ്‌തൊരാ
പൊന്നരിവാളില്‍ തത്തിക്കളിച്ചതാം
നിറമുള്ള സ്വപ്‌നങ്ങള്‍തന്‍
തെങ്ങോലത്തുമ്പത്തൂഞ്ഞാലാടിയ
പച്ചപ്പനംതത്തതന്‍ ചെഞ്ചോരച്ചുണ്ടിലെ
പടപ്പാട്ടാണുനീയെന്‍ മലയാളമേ...

പരശുരാമന്‍തന്‍ മഴുപതിഞ്ഞതല്ല;
വയനാടന്‍വില്ലിലെ മുനയുള്ളൊരമ്പും,
വയലാറില്‍ മിനുക്കിയ വാരിക്കുന്തവും
അനീതികള്‍ക്കുമേലെയുതിര്‍ത്ത്
രക്തംചിന്തിയെഴുതിയ
ധീരകാവ്യമാണുനീയെന്‍ കേരളമേ...

പങ്കിടല്‍












സ്വപ്‌നത്തില്‍,
ചൂണ്ടയുടെ കൊളുത്തില്‍
കുരുങ്ങിയ തോട്ടിലെ
പരല്‍മീനിന്റെ
പാതി വേനലിന്,
മറുപാതി മഴക്കും;
മുള്ളെനിക്കും.!

സത്യത്തില്‍,
ഓര്‍മയുടെ
കൈതോലവേരില്‍
കുടുങ്ങി,
ചിന്തയുടെ കൊളുത്തില്‍നിന്നും
വേര്‍പ്പെട്ട,
മുള്ളില്ലാത്ത 'മണ്ണിര'യെ
ആരായിരിക്കും
പങ്കിട്ടെടുത്തിട്ടുണ്ടാവുക ???.

അടങ്ങാത്തതും തീരാത്തതും















വിരല്‍തുമ്പില്‍
തുടിച്ചുനിന്നത്,
തൂലികയോടുള്ള
ഒരിക്കലും അടങ്ങാത്ത പ്രണയം.

തൂലികയ്ക്കുള്ളില്‍നിന്നും
കടലാസിലേക്ക്
ഇറ്റുവീണത്
ഒരിക്കലും തീരാത്ത കലഹം.

Wednesday, January 29, 2014

ആത്മബന്ധം
















ഉറക്കത്തില്‍നിന്നും
ചിലപ്പോളുണരുന്നത്
മരണത്തില്‍നിന്നും
വേര്‍പ്പെടുന്നപോലെയാണ്...

ആദ്യം 'ഞാന്‍'
പിന്നെയീ 'ഭൂമി' ;
ഇവ തമ്മിലുള്ള
ആത്മബന്ധത്തിനെ
ചോദ്യം ചെയ്യുകയാണ്,
ഉറക്കമെന്ന
ഓരോ ചെറിയമരണങ്ങളും.