കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Friday, July 5, 2013

ഒട്ടിയ രണ്ടിലഞ്ഞിപ്പൂക്കള്‍















വീടിനു വടക്കുഭാഗത്ത്
തറവാട്ടുമുത്തന്‍ കുടിയിരിക്കും
പള്ളിയറമുറ്റത്തെ ഇലഞ്ഞിമരം
പൂക്കള്‍പൊഴിച്ചൊരോര്‍മകളുണ്ടുള്ളില്‍.

നേരം വെളുക്കുംമുന്‍പേ
അനിയത്തിമാരെ വിളിച്ചുണര്‍ത്തി
കയ്യില്‍ ചിരട്ടയുമായി
ഇലഞ്ഞിപ്പൂക്കള്‍ പരന്നുകിടക്കുമാ
മുറ്റത്തേക്കോടും.
പൂവെല്ലാം പെറുക്കിയെടുക്കുമ്പോഴേക്കും
കിഴക്കേ മാനത്ത് ചെന്തെങ്ങ് കുലച്ചിരിക്കും.

കൊടാംപറമ്പിന്‍ വരമ്പത്ത്
ചാഞ്ഞ്കിടക്കണ തെങ്ങോലതന്‍
നേരിയനാരുചീന്തി
ഇലഞ്ഞിപ്പൂമാല കോര്‍ത്ത്
കോലായിചുമരില്‍ കൊളുത്തിയിട്ട
അന്നും ഇന്നും കണ്ണുതുറക്കാത്ത
ദൈവചിത്രങ്ങളില്‍ ചാര്‍ത്തും.

എന്നിട്ടും പൂമാല ശേഷിച്ചാല്‍
കൈയില്‍ ചുറ്റിയാ സ്‌കുളില്‍ പോകുക.

ഇന്നിവിടെയീ തലസ്ഥാന നഗരിയില്‍
പൂത്തുലഞ്ഞൊരിലഞ്ഞിമരത്തില്‍
നിന്നുഞാന്‍ ഒട്ടിയ രണ്ടുപൂക്കളിറുത്ത്
വിരലോട് വിരല്‍ ചേര്‍ത്ത് കുത്തിക്കുറിച്ച
വരികളിലോര്‍മതന്‍ രൂക്ഷഗന്ധം
തേടുകയാണിന്നുഞാന്‍. .

No comments: